Supreme Court To Re Examine IPC Provision Holding Only Men Liable
വിവാഹേതര ബന്ധവുമായി ബന്ധപ്പെട്ട കേസുകളില്‍ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പ് ഭരണഘടനാവിരുദ്ധമാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. അവിഹിത ബന്ധങ്ങളില്‍ പുരുഷൻ മാത്രം ശിക്ഷിക്കപ്പെടുന്ന നിയമം വ്യവസ്ഥ ചെയ്യുന്ന 497ാം വകുപ്പ് ചോദ്യം ചെയ്തുള്ള പൊതു താത്പര്യം ഹർജി പരിഗണിച്ച സുപ്രീം കോടതി വിഷയത്തില്‍ കേന്ദ്രസർക്കാരിൻറെ നിലപാട് ആരാഞ്ഞ് നോട്ടീസ് അയച്ചിട്ടുണ്ട്. നാലാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും നിർദേശമുണ്ട്. നിലവിലെ ശിക്ഷാനിയമമനുസരിച്ച് അവിഹിത ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാൻ വ്യവസ്ഥയില്ല. അവരെ ഇരകളായാണ് പരിഗണിക്കുന്നത്. ചുരുക്കത്തിൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിലേർപ്പെട്ടാൽ പുരുഷൻ മാത്രമേ ശിക്ഷിക്കപ്പെടുകയുള്ളു. ഇരയെന്ന പരിഗണനയിൽ സ്ത്രീ രക്ഷപ്പെടുകയും ചെയ്യും. പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും നിലവിൽ വകുപ്പില്ല. ഈ രണ്ട് കാര്യങ്ങളും പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോഴിക്കോട് സ്വദേശിയും പ്രവാസിയുമായ ജോസഫ് ഷൈൻ സുപ്രീംകോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരിക്കുന്നത്.