Surprise Me!

കോരിച്ചൊരിയുന്ന മഴയില്‍ കഴിയുന്നത് പടുത വലിച്ചുകെട്ടി; ലൈഫ് പദ്ധതിയില്‍ വീടിനായി തറകെട്ടി, തുക അനുവദിക്കാതെ ഉദ്യോഗസ്ഥര്‍, വലഞ്ഞ് ആദിവാസി കുടുംബങ്ങള്‍

2025-06-28 4 Dailymotion

ഇടുക്കി: ഭവന പദ്ധതിയിൽ ഉൾപെട്ടിട്ടുണ്ടെങ്കിലും കയറി കിടക്കുവാൻ ഒരു വീടില്ല. കോരിച്ചൊരിയുന്ന മഴയിലും പടുത വലിച്ചുകെട്ടിയാണ് മറയൂരിലെ ആദിവാസികൾ കഴിയുന്നത്. കുമ്മിട്ടാംകുഴി ഗോത്രവര്‍ഗ കോളനിയിലെ ആറ് കുടുംബങ്ങൾക്കാണ് ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചു നൽകിയത്. വീട് അനുവദിച്ചുകിട്ടിയപ്പോള്‍ നിലവിലുണ്ടായിരുന്ന സുരക്ഷിതമല്ലാത്ത വീട് പൊളിച്ചുമാറ്റി. പദ്ധതിയിലെ ആദ്യ ഗഡുവാങ്ങി തറയുടെ പണി പൂര്‍ത്തികരിച്ചു. പിന്നീട് ബാക്കി തുക അനുവദിക്കാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു എന്നാണ് ഗുണഭോക്താക്കളുടെ പരാതി. വീടില്ലാതായതോടെ ഇതില്‍ പലരും ടാര്‍പോളിന്‍ കെട്ടി താല്‍ക്കാലിക കുടിലൊരുക്കിയാണ് ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്നത്. രംഗമ്മ രാമന്‍, ശശികല കുപ്പന്‍, രാജലക്ഷ്‌മി മുരുകന്‍, ദേവകി അന്തോണി, രുഗ്മണി മധുര കുമാര്‍, സീത നടരാജന്‍ എന്നിവരുടെ വീടുകളാണ് പൊളിച്ചുമാറ്റി തറ നിര്‍മ്മിച്ചു കിടക്കുന്നത്. മറയൂര്‍ ടൗണിനോട് ചേര്‍ന്നാണ് കുമ്മിട്ടാംകുഴി കുടി സ്ഥിതി ചെയ്യുന്നത്. 2001-ല്‍ മുത്തങ്ങ സമരത്തെ തുടര്‍ന്ന് മറയൂരില്‍ 242 കുടുംബങ്ങള്‍ക്ക് സ്ഥലം അനുവദിച്ചു നല്‍കിയിരുന്നു. ഈ സ്ഥലത്ത് വീട് നിര്‍മ്മിച്ചാല്‍ മാത്രമേ വീടിന് തുക അനുവദിച്ചു തരുവാന്‍ കഴിയൂ എന്ന നിലപാടാണ് ഇക്കാര്യത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത്. കാട്ടാന ശല്യം രൂക്ഷമായതിനാലും കുടിവെള്ളം, റോഡ് സൗകര്യമില്ലാത്തതിനാലും അനുവദിച്ചു കിട്ടിയ സ്ഥലത്ത് വീട് നിര്‍മ്മിക്കുവാന്‍ കുടിക്കാര്‍ക്ക് താത്പര്യമില്ല. മറയൂര്‍ ടൗണിലുള്ള ഗ്രാമവാസികളുടെ സ്ഥലത്ത് വീട് വക്കുവാനാണ് കുടിക്കാര്‍ക്ക് താൽപ്പര്യം. വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ ആവശ്യം.