വയനാട്: നെല്ലിയമ്പം ജനവാസ മേഖലയിൽ ഭീതിപരത്തി കാട്ടാനക്കൂട്ടം. ഇന്നലെ (ജൂലൈ 17) രാത്രി രണ്ട് മണിയോടെയാണ് മൂന്ന് കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്. ഇവിടെയെത്തിയ കാട്ടാനകൾ ഏറെനേരം പ്രദേശത്ത് തമ്പടിച്ചു. പ്രദേശത്തിന്‍റെ മരങ്ങളും ചില്ലകളും കുത്തിയിളക്കിയിടുകയും ചെയ്‌തു. കൂടാതെ താഴയിൽ റസാഖ് എന്നയാളുടെ പറമ്പിലെ കമ്പിവേലി ഭാഗികമായി തകർത്തു. സമീപത്തെ വീട്ടിലെ കോഴിക്കൂട് ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്‌തതായി നാട്ടുകാർ പറയുന്നു. ആനകളെ കണ്ടതോടെ നാട്ടുകാർ ഭയന്ന് വീടിനുള്ളിൽത്തന്നെ ഇരുന്നു. അതേസമയം വിവരങ്ങൾ പ്രദേശവാസികളുമായി കൈമാറിയിരുന്നു. പുലർച്ചെ രണ്ട് മണി മുതൽ വനം വകുപ്പുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഫോറസ്‌റ്റുകാർ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടർന്ന് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. എന്നാൽ പൊലീസും ബന്ധപ്പെടുവാൻ ശ്രമിച്ചപ്പോൾ ഫോറസ്റ്റുകാർ ഫോൺ എടുക്കുന്നില്ലെന്നാണ് അറിയുവാൻ കഴിഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. പിന്നീട് രാവിലെ എട്ട് മണിയോടെയാണ് ആനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചത്. നിലവിൽ പടക്കം പൊട്ടിച്ചും മറ്റും ആനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. നെല്ലിയമ്പത്ത് നിന്ന് എട്ട് കിലോമീറ്റർ അകലെയാണ് വനമേഖലയുള്ളത്. ആനക്കൂട്ടത്തെ അവിടേക്ക് തന്നെ തുരത്തുവാനാണ് പൊലീസും വനംവകുപ്പും ശ്രമിക്കുന്നത്.