തിരുവനന്തപുരം: തിരക്കേറിയ റോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം. നെയ്യാറ്റിൻകര വെള്ളറട റോഡിലാണ് യുവാക്കള്‍ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയത്. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘം ബൈക്കിൽ പുറം തിരിഞ്ഞിരുന്നും, ഇടയ്ക്കിടെ അമിതവേഗത കാട്ടിയുമാണ് റോഡിൽ അഭ്യാസപ്രകടനം നടത്തിയത്.
സംസ്ഥാന അതിർത്തിയിലെ പുലിയൂർശാലയിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച സംഘം പനച്ചമൂട് വരെയുള്ള രണ്ട് കിലോമീറ്ററോളമാണ് അപകടകരമായി വണ്ടി ഓടിച്ചത്. അഭ്യാസം നടക്കുമ്പോൾ ഇതുവഴി സഞ്ചരിച്ച കാർ യാത്രികൻ്റെ ഡാഷ്ബോർഡ് ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
സംസ്ഥാനത്ത് ഇതിന് മുൻപും സമാനമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. സംഭവം പുറത്ത് വന്നതോടെ അധികാരികള്‍ ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. കൊച്ചി നഗരത്തിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിൻ്റെ ലൈസൻസ് ഈയിടെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
Also Read: സഹപാഠിയുടെ രക്ഷിതാക്കളുമായി തര്‍ക്കം; പെപ്പർ സ്പ്രേ പ്രയോഗിച്ച് വിദ്യാര്‍ഥി, മറ്റു കുട്ടികളുടെ മുഖത്തും വീണു - PEPPER SPRAY ATTACK IN IDUKKI