Surprise Me!

കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു; വയോധികയ്‌ക്ക് ദാരുണാന്ത്യം

2025-07-23 4 Dailymotion

കോഴിക്കോട്: സംസ്ഥാനത്ത് ഒരു റോഡപകടം കൂടി. റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധിക കെഎസ്ആർടിസി ബസ് ഇടിച്ച് മരിച്ചു. മുക്കത്തിന് സമീപം വാലില്ലാപ്പുഴ സ്വദേശിനിയായ ചിന്നു (66) ആണ് മരിച്ചത്. കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ അരീക്കോടിനും മുക്കത്തിനും കുറ്റൂളിക്കും ഇടയിൽ വച്ചാണ് അപകടം നടന്നത്. 

മുക്കം ഭാഗത്തുനിന്നും അരീക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് ഇടിച്ചത്. കുട ചൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിതവേഗതയിൽ എത്തിയ കെഎസ്ആർടിസി ബസ് ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ചിന്നുവിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം അല്‍പനേരം തടസപ്പെട്ടു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.  ചില ബസുകാര്‍ മത്സരയോട്ടമാണ് നിരത്തില്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതടക്കമുള്ള കാരണങ്ങളാണ് റോഡപകടങ്ങൾ വർധിക്കാൻ കാരണം. 

അമിതവേഗതയും മത്സരയോട്ടവും ജനങ്ങളുടെ ജീവിതമാണ് തകർക്കുന്നത്. ബസുകാരുടെ ഒരു നിമിഷത്തെ അശ്രദ്ധ മൂലം തകർക്കപ്പെടുന്നത് ഒരു കൂട്ടം ആളുകളുടെ പ്രതീക്ഷകളാണ്. ബസുകളുടെ അമിത വേഗതയ്‌ക്ക് അശ്രദ്ധയും ഇല്ലാതാക്കിയില്ലെങ്കില്‍  ഇതുപോലുള്ള ഒരുപാട് മരണങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.