കോട്ടയം: ഗൂഗിൾ മാപ്പ് നോക്കിയുളള യാത്രയ്ക്കിടെ വാഹനം തോട്ടിൽ വീണു, ആളപായമില്ല. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്‌ച രാവിലെ 11 മണിയ്ക്കായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ – കല്ലറ റോഡിൽ കുറുപ്പന്തറ കടവ് ഭാഗത്തു നിന്നുമുളള വളവിന് സമീപമാണ് അപകടം. ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് കുറുപ്പന്തറ ഭാഗത്ത് നിന്നും എത്തിയ വാഹനം വളവ് തിരിയുന്നതിനു പകരം ഗൂഗിൾ മാപ്പ് വഴികാട്ടിയ പ്രകാരം റോഡിനു സമീപമുണ്ടായിരുന്ന കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം കുഴിയിൽ വീഴുകയും വാഹനം നിർത്തിയതിനാലും ഒഴുക്കിൽപ്പെട്ടില്ല. സമീപവാസികൾ ഓടിയെത്തി കാർ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ക്രെയിൻ എത്തിച്ച് വാഹനം തോട്ടിൽ നിന്നും പുറത്തെത്തിച്ചു. ഈ ഭാഗത്ത് ഇതിന് മുൻപും സമാന രീതിയിൽ അപകടങ്ങൾ ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. ഇവിടെ സൂചനാ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൂഗിൾ മാപ്പ് നോക്കി വരുന്നവരുടെ ശ്രദ്ധയിൽ ഇവപെടാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ മൂന്നാറിൽ നിന്നും ആലപ്പുഴയിലേയ്ക്ക് പോയ മെഡിക്കൽ വിദ്യാർഥികളായ ഹൈദരാബാദ് സ്വദേശികളുടെ കാർ കുറുപ്പന്തറ കടവ് പാലത്തിനു സമീപം അപകടത്തിൽപെട്ടിരുന്നു.