ഇടുക്കി: മുള്ളരിങ്ങാട് മേഖലയെ ഭീതിയിലാക്കിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ താത്കാലിക വാച്ചർക്ക് പരിക്ക്. ഇന്ന് പുലർച്ചെയാണ് ജനവാസ മേഖലയായ മുള്ളരിങ്ങാട് അമയൽതൊട്ടി മുസ്ലിം പള്ളി ഭാഗത്ത് ഒറ്റയാൻ എത്തിയത്. പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് കടന്ന കാട്ടാന വലിയ നാശ നഷ്‌ടമുണ്ടാക്കി.
ആനകളെ കണ്ടതോടെ നാട്ടുകാർ ഭയന്ന് അധിക്യതരെ അറിയിച്ചു. തുടര്‍ച്ചയായി ഈ പ്രദേശങ്ങളില്‍ കാട്ടാന ആക്രമണം വര്‍ധിച്ചുവരികയാണ്. വനാതിർത്തിയിൽ സ്ഥാപിച്ചിരുന്ന ഫെൻസിങ് സംവിധാനം കാട്ടാന തകർത്തു.
വനത്തിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ കാട്ടാന ജനങ്ങൾക്ക് നേരെ അക്രമിക്കാൻ പാഞ്ഞടുക്കുകയായിരുന്നു. പ്രാണ രക്ഷാർഥം ഓടിയപ്പോഴാണ് താത്കാലിക വാച്ചർ സാജുവിന് വീഴ്‌ച്ചയില്‍ പരിക്കേറ്റത്. ഇയാള്‍ ഉടന്‍ തന്നെ ആശുപത്രിയിൽ ചികിത്സ തേടി.
നാട്ടുകാരും താത്കാലിക വാച്ചർമാരും ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിലാണ് കാട്ടാനയെ അതിസാഹസികമായി സമീപത്തെ വനത്തിലേക്ക് തുരത്തിയത്. കാട്ടാനാക്രമണം മൂലം ജനങ്ങള്‍ ഭീതിയിലാണ്. പ്രദേശവാസികള്‍ക്ക് വനം വകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
കാട്ടാനാക്രമണം തടയാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുമെന്ന് അധിക്യതര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഉൾക്കാട്ടിലേക്ക് പോകാതെ കാട്ടാന ജനവാസ മേഖലയ്ക്ക് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.