Surprise Me!

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; കടലിൽ വീണവരെ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍

2025-07-26 3 Dailymotion

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് കടലിൽ പോവുകയായിരുന്ന ഫൈബർ വള്ളം മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. ബേപ്പൂർ അഴിമുഖത്തിന് അടുത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. ഈ സമയം കടലിൽ ശക്തമായ കാറ്റും തിരമാലയും ഉണ്ടായിരുന്നു. 

ഇതിൽ പെട്ടാണ് ഫൈബർ വള്ളം മറിഞ്ഞത്. വള്ളം മറിയുമ്പോൾ അഞ്ച് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അപകടം നടന്ന ഉടൻ തന്നെ പരിസരത്തുണ്ടായിരുന്ന മറ്റു ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾ ഇവരുടെ അടുത്തേക്ക് കുതിച്ചെത്തുകയും കടലിൽ വീണവരെ അതിസാഹസികമായി രക്ഷപ്പെടുത്തുകയും ചെയ്‌തു. 

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് ഇവരെ അഞ്ചു പേരെയും കരക്കെത്തിച്ചത്. അഞ്ചു പേർക്കും നിസാര പരിക്കുകളുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കടലിൽ ശക്തമായ തിരമാലകൾ രൂപപ്പെടുന്നുണ്ട്.
ഇത് കണക്കിലെടുക്കാതെ മത്സ്യത്തൊഴിലാളികൾ ചെറുവള്ളങ്ങളിലും ബോട്ടുകളിലും കടലിലേക്ക് പോയതാണ് അപകടകാരണമെന്ന് കോസ്‌റ്റൽ പൊലീസ് അറിയിച്ചു. 

മറ്റ് മത്സ്യത്തൊഴിലാളികളുടെ അവസരോചിതമായ ഇടപെടലാണ് രക്ഷയായതെന്ന് പൊലീസ്‌ പറഞ്ഞു. ഇവരുടെ കൃത്യ സമയത്തുള്ള പ്രവർത്തനമാണ് ബോട്ട് മറിഞ്ഞ് കടലിൽ അകപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളുടെയും ജീവൻ രക്ഷിക്കാൻ കാരണമായതെന്നും കൂട്ടിച്ചേർത്തു.